ഓൺലൈൻ ഭക്ഷണ വിതരണക്കാരനെ ആക്രമിച്ചു ബൈക്ക് തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ
കാക്കനാട് | ഫ്ലാറ്റിൽ ഭക്ഷണവുമായി എത്തിയ ഓൺലൈൻ ഭക്ഷണ വിതരണക്കാരനെ ആക്രമിച്ചു ബൈക്ക് തട്ടിയെടുത്ത കേസിൽ 3 പ്രതികൾ പടിയിൽ. കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു (33), കൊടുങ്ങല്ലൂർ പൊയ്യാക്കര ചാരുദത്തൻ (23), മാവേലിക്കര മാടശേരി സുധീഷ് (30) എന്നിവരാണു പിടിയിലായത്. ശനിയാഴ്ച പുലർച്ചെ മൂന്നിനു ഒന്നാം പ്രതി ഡിനോ ബാബു ഭക്ഷണത്തിന് ഓർഡർ ചെയ്തിരുന്നു. ഭക്ഷണവുമായി ഡിനോ താമസിക്കുന്ന അസറ്റ് ഹോംസ് ഫ്ലാറ്റിലെത്തിയ വിതരണക്കാരനായ ആബീദിനെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ കയറ്റി വിട്ടില്ല. ഓർഡർ ചെയ്തവരോട് പുറത്തു വന്നു ഭക്ഷണം വാങ്ങാൻ വിതരണക്കാരൻ ആവശ്യപ്പെട്ടു.
ഡിനോയുടെ നേതൃത്വത്തിൽ ഫ്ലാറ്റിനു പുറത്തെത്തിയ പ്രതികൾ വിതരണക്കാരനെ ക്രൂരമായി മർദ്ദിച്ചെന്നാണ് കേസ്. ആബിദിന്റെ ബൈക്ക് തട്ടിയെടുത്ത പ്രതികൾ സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ആബീദിനെ എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീടു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒളിവിലായിരുന്ന പ്രതികളെ ഇൻഫോപാർക്ക് പൊലീസ് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. ഒന്നാം പ്രതി ഡിനോ ബാബു മറ്റു കേസുകളിലും പ്രതിയാണ്.