കാപ്പന്‍ നേരിട്ടെത്തി ‘ വേട്ടക്കാരെ’ വകവെക്കാതെ തടവറയിലെ ഇരുട്ടില്‍ നിന്ന് പുറംലോകത്തേക്ക് തനിക്ക് വഴിയൊരുക്കിയവരെ കാണാന്‍
ന്യൂഡല്‍ഹി: വല്ലാത്ത ഒരു നിമിഷമായിരുന്നു അത്. രണ്ടാണ്ട് പിന്നിട്ട തടവുകാലം തളര്‍ത്താത്തൊരു ചെറുപ്പക്കാരന്‍ തനിക്ക് പുറംലോകത്തേക്ക് വഴിയൊരുക്കിയ, തന്റെ ഉമ്മയോളമോ അതിലേറെയോ പ്രായം വരുന്ന മെലിഞ്ഞ ആ സ്ത്രീയെ ചേര്‍ത്തു പിടിച്ച നിമിഷം. തനിക്ക് പുതു ജന്മം നല്‍കിയ താനിന്നോളം കണ്ടിട്ടില്ലാത്ത ഒരു വൃദ്ധ. പ്രൊഫ. രൂപ് രേഖാ വര്‍മ. ഉത്തര്‍പ്രദേശ് സ്വദേശികള്‍ തന്നെ ജാമ്യക്കാരകണമെന്ന കോടതിയുടെ നിബന്ധന ത്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്കുള്ള കൊട്ടിയടച്ചേക്കുമോ എന്ന ഭയം തീര്‍ത്ത നാളില്‍ ഒരു മാലാഖയെ പോലെ യോഗിയുടെ നാട്ടില്‍ നിന്ന് കൂട്ടുവന്നവരില്‍ ഒരാള്‍.
ജയിലില്‍ നിന്ന് ഇറങ്ങി ലഖ്‌നോ വിടും മുമ്പ് തനിക്ക് പുതുജീവന്‍ നല്‍കിയവരെയെല്ലാം കണ്ടു നന്ദി പറഞ്ഞു കാപ്പന്‍. പ്രായത്തിന്റെ അവശതകള്‍ ക്ഷീണിപ്പിച്ചു തുടങ്ങി രൂപ് രേഖാ വര്‍മയെ അവരുടെ വീട്ടിലെത്തിയാണ് കാപ്പന്‍ കണ്ടത്. കാപ്പനെ കണ്ടതോടെ അവര്‍ എല്ലാ അവശതകളും മറന്നെഴുന്നേറ്റു. ഫാസിസത്തിന്റെ ഭയക്കാലം മാറുമെന്നും വെറുപ്പിന്റെ കാര്‍മേഘങ്ങള്‍ അകലുമെന്നും പറഞ്ഞ് അവര്‍ കാപ്പനെ മകനെ പോലെ ചേര്‍ത്തു പിടിച്ചു. ആ അണച്ചു ചേര്‍ക്കലില്‍ തടവറക്കാലത്ത് തന്നെ വിട്ടുപോയ ഉമ്മയെ ഓര്‍ത്തു കാണും കാപ്പന്‍. ആ നനവൂറുന്ന വാത്സല്യം അനുഭവിച്ചു കാണും അദ്ദേഹം. വീടിനുള്ളില്‍ ഒതുങ്ങാതെ, ഉയര്‍ന്ന നീതിപീഠങ്ങളുടെ പടവുകള്‍ ഉറച്ച ചുവടുകളോടെ ചവിട്ടി കയറിയ ഭാര്യ റൈഹാന കാപ്പന്റെ ധൈര്യത്തെക്കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞു അവര്‍.
സുപ്രിംകോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ഉടന്‍ മലപ്പുറത്ത് നിന്നും ജാമ്യക്കാരാവാന്‍ ബന്ധുക്കള്‍ ലഖ്‌നൗവിലെത്തിയിരുന്നു. എന്നാല്‍ യുപി സ്വദേശികള്‍ തന്നെ ജാമ്യക്കാരാകണമെന്ന് കോടതി നിബന്ധന വെച്ചു. ഇതോടെ കിട്ടിയ ജാമ്യം വെറുതെയാകുമോ എന്ന ഭയമായി. എന്നാല്‍ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ചില മനുഷ്യര്‍ കാപ്പന് ജാമ്യക്കാരായി എത്തി. ലഖ്‌നൗ സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ പ്രൊഫ. രൂപ് രേഖാ വര്‍മ യുപിയിലെ മാധ്യമ പ്രവര്‍ത്തകനായ കുമാര്‍ സൗവിര്‍ അലിമുല്ല ഖാന്‍. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ആ ചെറുപ്പക്കാരന്‍ ഒറ്റക്കായി പോവരുതെന്ന ഒരൊറ്റ ചിന്ത മാത്രമായിരുന്നു ഇതിന് പിന്നില്‍. രേഖകളുമായി ഇവര്‍ പലതവണ കോടതി കയറി ഇറങ്ങി. വെറുപ്പും വംശീയതയും നിറഞ്ഞ വിദ്വേഷക്കാലത്ത് ഇതിന്റെയെല്ലാം ആശാന്‍മാര്‍ വാഴുന്ന യോഗിയുടെ നാട്ടില്‍ നിന്നാണിതെന്നോര്‍ക്കണം.