സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി; കേരളത്തിലേക്ക് ആറാഴ്ചക്കു ശേഷം
ന്യൂദൽഹി - ഹാഥറസ് ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യു.പി പോലീസ് അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ രണ്ടു വർഷത്തിനുശേഷം ജയിൽ മോചിതനായി. ജാമ്യനടപടി പൂർത്തിയാക്കി മോചന ഉത്തരവ് വിചാരണ കോടതി ഇന്നലെ വൈകീട്ട് ലക്‌നോ ജയിലിലേക്കയച്ചെങ്കിലും ഓർഡർ ലഭിക്കാൻ സമയം വൈകിയതോടെ പുറത്തിറങ്ങാൻ ഒരുദിവസം കൂടെ വൈകുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ ജയിലിൽനിന്ന് പുറത്തിറങ്ങുകയായിരുന്നു.
ഭാര്യ റൈഹാനത്തും മകനും ലഖ്‌നോവിലുണ്ട. സുപ്രീംകോടതി ജാമ്യവ്യവസ്ഥപ്രകാരം ജയിൽമോചിതനായി ആറ് ആഴ്ച ഡൽഹിയിൽ തങ്ങിയതിന് ശേഷം മാത്രമേ സിദ്ദീഖിന് കേരളത്തിലേക്ക് വരാനാവൂ.
2020 ഒക്ടോബർ അഞ്ചിന്, ഡൽഹിക്കടുത്ത് മഥുര ടോൾ പ്ലാസയിൽ വെച്ചാണ് യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്.
