മറയൂർ (ഇടുക്കി): രണ്ടു വയസ്സുകാരൻ വീടിന്റെ മുറ്റത്തെ മീൻകുളത്തിൽ മുങ്ങി മരിച്ചു. മറയൂർ പഞ്ചായത്തിൽ ചിന്നവരയിൽ കറുപ്പുസ്വാമിയുടെയും (രാംകുമാർ) ജന്നിഫറിന്റെയും മകൻ രോഹനാണ് മരിച്ചത്.
ഇന്നലെ (07-01-2023- ശനിയാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കായിരുന്നു അപകടം.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു രോഹൻ. അടുക്കളയിൽ പാത്രം കഴുകി വച്ച ശേഷം വീട്ടുമുറ്റത്ത് എത്തിയ അമ്മ ജെന്നിഫർ കുട്ടിയെ കാണാതെ വന്നതോടെ പല സ്ഥലത്തും അന്വേഷിച്ചശേഷം അവസാനമാണ് മീൻകുളത്തിൽ മുങ്ങി കിടക്കുന്ന കുട്ടിയെ കണ്ടെത്തിയത്.
ഉടനെ തന്നെ കുട്ടിയെ കുളത്തിൽ നിന്നെടുത്ത് സഹായ ഗിരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരുടെ വീടിന്റെ ഭാഗത്തേക്ക് വാഹനം കടന്നു വരാൻ വഴിയില്ലാത്തതിനാൽ കനാലിന്റെ അരികിലൂടെ കുട്ടിയെ ചുമന്ന് വാഹനം എത്തുന്ന ചാനൽമേട്ടിൽ എത്തിച്ചശേഷമാണ് ആശുപത്രിയിലെത്തിച്ചത്.
അച്ഛൻ കറുപ്പുസ്വാമി കോയമ്പത്തൂരിൽ ജോലിക്കായി പോയിരിക്കുകയായിരുന്നു. സഹോദരൻ റൈഗർ. മറയൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ച് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
