പ്രഭാഷകനും പണ്ഡിതനുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു


പ്രഭാഷകനും പണ്ഡിതനുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി അന്തരിച്ചു


 പ്രശസ്ത പ്രഭാഷകനും ഇസ്ലാമിക പണ്ഡിതനുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിനിര്യാതനായി. 93 വയസ്സായിരുന്നു. വാർധക്യസഹചമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം ആറിന് ആലപ്പുഴ പാനൂർ വരവ്കാട് ജുമാ മസ്ജിദിൽ നടക്കും. അമീറുൽ ഖുത്വബാ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1930 ലാണ് വൈലിത്തറ ജനിച്ചത്.

വൈലിത്തറ മുഹമ്മദ് മുസലിയാരാണ് പിതാവ് 1960കള്‍ പ്രഭാഷണ വേദികളിൽ തിളങ്ങിനിന്നയാളാണ് അദ്ദേഹം. നാട്ടുകാരായ കളത്തിപ്പറമ്പില്‍ മൊയ്തീന്‍ കുഞ്ഞ് മുസലിയാരിൽ നിന്നും ഹൈദ്രോസ് മുസലിയാരിൽ നിന്നുമാണ് ഖുര്‍ആന്റെ ആദ്യ പാഠങ്ങള്‍ പഠിപ്പിച്ചത്. ആലി മുസലിയാര്‍, വടുതല കുഞ്ഞുവാവ മുസലിയാര്‍ എന്നിവർ കർമശാസ്ത്രത്തിന്റെ ആദ്യപാഠങ്ങൾ പകർന്നുനൽകി.

പന്ത്രണ്ടാം വയസില്‍ തകഴിക്കടുത്തുള്ള കുന്നുമ്മയിലെ പള്ളി ദറസില്‍ ചേര്‍ന്നു പാപ്പിനിപ്പള്ളി മുഹമ്മദ് മുസലിയാരായിരുന്നു ഉസ്താദ്. 14 വയസായപ്പോള്‍ പിതാവിന്റെ ആദ്യകാല ഗുരുവും സൂഫിവര്യനുമായ വാഴക്കാടന്‍ മുഹമ്മദ് മുസലിയാരുടെ ദറസില്‍ ചേര്‍ന്നു. ഓച്ചിറ ഉസ്താദ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ കാലഘട്ടം ജീവിതത്തില്‍ മറക്കാനാകാത്ത ഒട്ടേറെ സന്ദര്‍ഭങ്ങളാണ് വൈലിത്തറക്ക് സമ്മാനിച്ചത്. ശാന്തമായി തുടങ്ങി ഗീതയും, ബൈബിളും, രാമായണവും, മലയാള കവിതകളും, വിശ്വസാഹിത്യ കൃതികളുമെല്ലാം കടന്നുവരുന്ന  അദ്ദേഹത്തിൻറെ പ്രഭാഷണങ്ങൾ പലപ്പോഴും പുലർച്ച വരെ നീണ്ടു നിന്നിരുന്നു. യാത്ര സൗകര്യം ഇത്രത്തോളം വ്യാപിച്ചിട്ടില്ലാത്ത കാലത്ത് പോലും വളരെ വിദൂരങ്ങളിൽ നിന്നും അദ്ദേഹത്തെ കേൾക്കാനെത്തുന്നവർ നിരവധിയായിരുന്നു.

ആദ്യ പ്രഭാഷണം 18-ാമത്തെ വയസിലായിരുന്നു. തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനശാലയുടെ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനമായിരുന്നു വേദി. ആത്മവിദ്യാസംഘത്തിന്റെ ആത്മീയ ആചാര്യന്‍ ആര്യഭട്ട സ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. പ്രസംഗം കഴിഞ്ഞിറങ്ങിയപ്പോള്‍ ആര്യഭട്ട സ്വാമി കൈപിടിച്ച് അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു ‘വണ്ടര്‍ഫുള്‍ മാന്‍’ എന്ന്. പിന്നീട് നിരന്തരം വേദികള്‍ ലഭിച്ചു.

ഹരിപ്പാട് താമല്ലാക്കല്‍ 12 ദിവസം നീണ്ടുനിന്ന പ്രഭാഷണമാണ് ആദ്യമായി ചെയ്ത പരമ്പര. മലബാറിലെ ആദ്യ പരിപാടി വടകര ബുസ്താനുല്‍ ഉലൂം മദ്രസാ വാര്‍ഷികമായിരുന്നു. ആദ്യകാലത്തെ മറ്റൊരു അവിസ്മരണീയ പ്രഭാഷണം കോഴിക്കോട് കുറ്റിച്ചിറ അന്‍സ്വാറുല്‍ മുസ്‌ലിമീന്‍ മദ്രസാങ്കണത്തിലേതാണ്. ഏഴു ദിവസത്തേക്കാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ അത് 17 ദിവസം നീണ്ടു. അവസാന ദിവസങ്ങളില്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും കേള്‍വിക്കാരനായി എത്തിയിരുന്നു. 


Previous Post Next Post
WhatsApp