ധീര ജവാൻ നുഫൈലിന് നാടിന്റെ കണ്ണീർ സല്യൂട്ട്; വിവാഹാഘോഷം നടക്കേണ്ടിയിരുന്ന സ്ഥലം, നേരത്തേ പന്തലുയർന്നു...


ധീര ജവാൻ നുഫൈലിന് നാടിന്റെ കണ്ണീർ സല്യൂട്ട്; വിവാഹാഘോഷം നടക്കേണ്ടിയിരുന്ന സ്ഥലം, നേരത്തേ പന്തലുയർന്നു...

അരീക്കോട് ∙ മാസങ്ങൾക്കു ശേഷം വിവാഹാഘോഷം നടക്കേണ്ടിയിരുന്ന അതേ സ്ഥലത്ത് നേരത്തേ പന്തലുയർന്നു. വരന്റെ വേഷത്തിൽ കൂട്ടുകാരുടെ കൈപിടിച്ചു വരേണ്ട വേദിയിലേക്ക് സൈനികരുടെ തോളിലേറി അവൻ വന്നു. ചുറ്റിലും കണ്ണീരഞ്ഞ മുഖങ്ങളോടെ ബന്ധുക്കളും നാട്ടുകാരും. സൈനിക സേവനത്തിനിടെ രണ്ടു ദിവസം മുൻപ് ലഡാക്കിൽ മരിച്ച കീഴുപറമ്പ് കുറ്റൂളി കെ.ടി.നുഫൈലിന് (27)

ഹൃദയം വിങ്ങുന്ന വേദനയ്ക്കിടയിലും നാടും സൈന്യവും വീരോചിത യാത്രാമൊഴി നൽകി. ശനി രാത്രി വിമാന മാർഗം ഡൽഹിയിൽ നിന്നു കരിപ്പൂരിലെത്തിച്ച ഭൗതിക ശരീരം ഇന്നലെ രാവിലെ പതിനൊന്നരയോടെ കുനിയിൽ ഇരിപ്പാൻകുളം ജുമാമസ്ജിദിൽ കബറടക്കി.ആർമി പോസ്റ്റൽ സർവീസിൽ ശിപായിയായ നുഫൈലും കക്കാടംകുന്നത്ത് മിൻഹ ഫാത്തിമയുമായുള്ള നിക്കാഹ് ഈ മാസമാദ്യമാണു നടന്നത്.

ഒരാഴ്ച മുൻപാണു അവധി കഴിഞ്ഞു ജോലി സ്ഥലത്തേക്കു മടങ്ങിയത്. വിവാഹ സൽക്കാരം ഏപ്രിലിൽ നടത്താനിരിക്കുകയായിരുന്നു.ശ്വാസ തടസ്സത്തെത്തുടർന്നു വ്യാഴാഴ്ചയാണു മരിച്ചത്. ശനി രാത്രി കൊണ്ടോട്ടി ഹജ് ഹൗസിലാണു മൃതദേഹം സൂക്ഷിച്ചത്. രാജ്യസേവനത്തിനിടെ ജീവൻ നൽകിയ സൈനികനു അന്തിമോപചാരമർപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ ഒട്ടേറെപ്പേർ രാത്രി ഹജ് ഹൗസിലെത്തി. ഇന്നലെ രാവിലെ 7ന് അലങ്കരിച്ച വാഹനത്തിൽ ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി മൃതദേഹം ജന്മനാടായ കീഴുപറമ്പിലെത്തിച്ചു.

പൂക്കളർപ്പിച്ചും വഴി നീളെ ചെറു കൂട്ടങ്ങളായി നിന്ന് സല്യൂട്ട് ചെയ്തുമാണു നാട് ധീര ജവാനെ അവസാനമായി വരവേറ്റത്. വീട്ടിലെത്തിച്ച മൃതദേഹം ഉമ്മ ആമിന ഏറ്റുവാങ്ങി. ശേഷം സമീപത്തെ കൊടവങ്ങാട് മൈതാനത്ത് പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ആയിരങ്ങൾ ആദരാഞ്ജലിയർപ്പിച്ചു.
Previous Post Next Post
WhatsApp