മുഴപ്പിലങ്ങാട്ട് ഇനി ഡ്രൈവിങ് മാത്രമല്ല, കടലിലേക്ക് നടന്നും പോകാം; ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുറന്നു


മുഴപ്പിലങ്ങാട്ട് ഇനി ഡ്രൈവിങ് മാത്രമല്ല, കടലിലേക്ക് നടന്നും പോകാം; ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുറന്നു

ടൂറിസം വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് എട്ടിടങ്ങളില്‍ കൂടി ഫ്‌ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ഫ്‌ലോട്ടിങ് ബ്രിഡ്ജ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ടൂറിസം വകുപ്പിന് കീഴില്‍ ആദ്യമായി കണ്ണൂരിലാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുന്നത്. ബേപ്പൂരില്‍ സ്വകാര്യ സംരംഭമായി തുടങ്ങിയ ഫ്‌ലോട്ടിങ് ബ്രിഡ്ജ് നിരവധി സഞ്ചാരികളെയാണ് ആകര്‍ഷിക്കുന്നത്. ഇതിന് ലഭിച്ച ആവേശമാണ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഈ സംവിധാനം ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്. കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഈവര്‍ഷം ഫ്‌ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷയായി. ഡി.ടി.പി.സി. സെക്രട്ടറി ജെ.കെ. ജിജേഷ് കുമാര്‍, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അനിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി. ബിജു, കോങ്കി രവീന്ദ്രന്‍, മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത, ധര്‍മടം പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. രവി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.വി. റോജ, കെ.ടി. ഫര്‍സാന, മുഴപ്പിലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. വിജേഷ്, സ്ഥിരംസമിതി അധ്യക്ഷന്‍ അറത്തില്‍ സുരേന്ദ്രന്‍, അംഗം പി.കെ. അര്‍ഷാദ്, തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാര്‍, അനില്‍ തലപ്പള്ളി എന്നിവര്‍ സംസാരിച്ചു.

മുഴപ്പിലങ്ങാട് സ്ഥാപിച്ച ഫ്‌ലോട്ടിങ് ബ്രിഡ്ജില്‍ സധൈര്യം പോകാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തിരമാലകള്‍ ഇവിടെ ശാന്തമാണ്. വസ്ത്രത്തില്‍ ഒരുതുള്ളിപോലും വെള്ളം തെറിച്ചില്ല. ബാലേട്ടനും വരാമായിരുന്നു, ആദ്ദേഹത്തോട് ഞാന്‍ കയറേണ്ടെന്ന് പറഞ്ഞത് തിരയിളക്കം വല്ല പ്രശ്‌നവുമാക്കുമോയെന്ന് കരുതിയാണ്. ഉദ്ഘാടനവേദിയിലിരിക്കുകയായിരുന്ന മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലനെ നോക്കി മന്ത്രി പറഞ്ഞു.

ഉദ്ഘാടനത്തിനുശേഷം ബ്രിഡ്ജില്‍ കയറാന്‍ ജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ബ്രിഡ്ജില്‍ 15 മിനിറ്റ് സമയം ചെലവഴിക്കാം. തിരമാലകളുടെ ഏറ്റക്കുറച്ചില്‍ ആദ്യമൊന്ന് ഭയപ്പെടുത്തുമെങ്കിലും പിന്നെ ആവേശത്തോടെ കടന്നുപോയെന്ന് സഞ്ചാരികള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു.

120 രൂപ പ്രവേശന ഫീസ്

കടലിലേക്ക് 100 മീറ്ററോളം കാല്‍നടയായി സവാരിചെയ്യാന്‍ ഉതകുന്നരീതിയില്‍ പാലം ഒരുക്കിയത് തൂവല്‍ തീരം അമ്യൂസ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറുവരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്.

പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും കൂടാതെ ലൈഫ് ഗാര്‍ഡ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ സേവനവുമുണ്ട്.

പാലത്തിനെ 700 കിലോ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് ഉറപ്പിച്ചു നിര്‍ത്തി സുരക്ഷിതമാക്കിയിട്ടുണ്ട്. ഫൈബര്‍ എച്ച്.പി. ഡി.ഇ. നിര്‍മിത പാലത്തില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടല്‍ പരപ്പിന് മുകളില്‍ യാത്രചെയ്യാനുതകുന്ന രീതിയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് സജീകരിച്ചിട്ടുള്ളത്.

മൂന്നുമീറ്റര്‍ വീതിയില്‍ രണ്ടുഭാഗത്തും സ്റ്റീല്‍ കൈവരികളോടെ നിര്‍മിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റര്‍ നീളവും ഏഴ് മീറ്റര്‍ വീതിയില്‍ സൈറ്റ് സീയിങ് പ്ലാറ്റ്‌ഫോമുണ്ട്. ഇതില്‍നിന്നും കടലിന്റെ ആവാസ വ്യവസ്ഥയും തിരമാലകളുടെ പ്രതിഭാസങ്ങളും അനുഭവിച്ചറിയാം.

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ലഹരി ഉപയോഗിച്ചവര്‍ക്കും പ്രവേശനം അനുവദിക്കില്ല. ഒരേസമയം 100 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക.
Previous Post Next Post