മലപ്പുറം | രാജ്യത്തിന്റെ അഭിമാനമായ ഭരണഘടനാ ശിൽപി ഡോ. ബി ആർ അംബേദ്കറെ അപമാനിച്ച മുരളി പെരുനെല്ലി എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അശ്റഫ് പറഞ്ഞു.
ഭരണഘടനയെയും അതിന്റെ ശിൽപ്പികളെയും നിന്ദിക്കുന്നത് സി പി എം നേതാക്കളുടെ സ്ഥിരം പല്ലവിയായി മാറിയിരിക്കുന്നു. സിപിഎം ൻ്റെ ജാതി ചിന്തയും അസഹിഷ്ണുതയും പുറത്ത് ചാടുന്നതാണ് നേതാക്കളുടെ ഇത്തരം പ്രസ്താവനകൾ. ഭരണഘടനയെയും അംബേദ്‌കറെയും നിന്ദിച്ചതിന്റെ പേരിൽ ഒരു മന്ത്രി രാജി വെച്ച് ഇരുപത്തിനാല് മണിക്കൂർ പിന്നിടുന്നതിനു മുമ്പ് തന്നെ അതേ പാർട്ടി നേതാവായ നിയമസഭാ സാമാജികൻ ഇത്തരത്തിൽ പ്രസ്താവന നടത്തിയത് യാദൃശ്ചികമല്ല.
ആർ എസ് എസ് ഉയർത്തുന്ന വാദങ്ങൾ സി പി എം ഏറ്റുപിടിക്കുന്നത് ഖേദകരമാണ്. അംബേദ്കറെ അപമാനിച്ച എം എൽ എ രാജി വെക്കണം.അല്ലാത്ത പക്ഷം സർക്കാരും സി പി എമ്മും അദ്ദേഹത്തെ സ്ഥാനത്തു നിന്നു പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലപ്പുറം കുന്നുമ്മൽ നടന്ന പ്രതിഷേധം പ്രസിഡന്റ് ഡോ. സി എച്ച് അശ്റഫ് ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, സെക്രട്ടറി മുർഷിദ് ഷമീം, ട്രഷറർ കെ.സി. സലാം, മണ്ഡലം സെക്രട്ടറി നസറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
