തിരൂർ | കൊലപാതക ശ്രമ കേസിലെ പ്രതിയെ തിരൂർ പൊലീസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് പിടികൂടി. കൂട്ടായി സ്വദേശി കുറിയന്റെ പുരയ്ക്കൽ ഫൈജാസിനെയാണ് (30) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 2013 സെപ്റ്റംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം.
പണം കടം കൊടുക്കാത്തതിലുള്ള വിരോധം കാരണം കൂട്ടായി അരയൻ കടപ്പുറത്ത് കൂട്ടായി സ്വദേശിയായ ഷാജഹാനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
സംഭവത്തിൽ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ പ്രതി ഗൾഫിൽ ഒളിവിൽ പോവുകയും കോടതി നടപടികളിൽനിന്ന് രക്ഷപ്പെട്ട് നടക്കുകയുമായിരുന്നു. പ്രതിയെ തിരൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.