അഷ്റഫ് ലോൺ എടുത്തു നഗരത്തിൽ ഹോട്ടൽ ബിസിനസ് തുടങ്ങി. തിരക്കുള്ള അങ്ങാടിയിലെ റോഡിന്റ സമീപത്താണ് ഹോട്ടൽ. പാർക്കിങ്ങിനു വിശാലമായ സൗകര്യം ഒരുക്കിയതിനാല്‍ കച്ചവടവും ജോറായി തന്നെ നടന്നു. ആയിടയ്ക്ക് മുൻസിപ്പാലിറ്റി ഡ്രൈനേജ് നിര്‍മ്മിക്കുകയും അതിന്മേൽ സ്ലാബ് ഇട്ട് മൂടുകയും ചെയ്തു. സ്ലാബിന് ഉയരം കൂടിയതിനാല്‍ ഹോട്ടലിൽ വരുന്ന വാഹനങ്ങൾക്ക് സ്ലാബ് ഒരു തടസ്സമായി.അദ്ധേഹത്തിന്റ കച്ചവടത്തെ സാരമായി ബാധിച്ചൂ ഇ നിര്‍മ്മാണം.
പൊതു പാതയോരത്ത് കച്ചവടം നടത്തുന്നവർക്കും, വീട് വച്ചു താമസിക്കുന്നവർക്കും അവരവരുടെ സ്വത്തു വകകളിലേക്ക് നിർബാധം പ്രവേശനത്തിനുള്ള അവകാശമുണ്ട്. ഇത് ഒരു സ്വകാര്യ അവകാശമാണ്.
ഒരു വ്യക്തിക്ക് പാതയോരത്തെ തന്റെ വസ്തുവിലേക്ക് പ്രവേശിക്കുവാനുള്ള സ്വകാര്യ അവകാശം, മറ്റൊരു ഉയർന്ന അവകാശമായ പൊതുനിരത്തിൽ കൂടി യാത്ര ചെയ്യുവാനുള്ള പൊതു അവകാശത്തിന് വിധേയമാണ്. എന്നാൽ ഈ പൊതു അവകാശം സ്വകാര്യ അവകാശത്തിനും വിധേയമാണ്. പൊതുവഴിയിലൂടെ കടന്നുപോകുവാനുള്ള അവകാശം, പൊതുനിരത്തി ലേക്കുള്ള പ്രവേശനത്തിനുള്ള ഭൂവുടമകളുടെ സ്വകാര്യ അവകാശത്തിന് വിധേയമാണ്.
വീടിനു മുൻപിൽ ഉയർത്തി പണിയുന്ന ഫുട്പാ ത്തുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, അനധികൃത ഓട്ടോറിക്ഷ പാർക്കിങ്ങുകൾ, കൊടിമരങ്ങൾ, അംഗീകരമില്ലാത്ത പെട്ടിക്കടകൾ എന്നിവ വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയാണെങ്കിൽ അത് സ്വകാര്യ അവകാശത്തിനു വിരുദ്ധമാണ്.
ആയതുകൊണ്ട് ഉയർത്തിപണിതിട്ടുള്ള ഫുട്പാത്തുകൾ വ്യക്തികളുടെയും, സ്ഥാപനങ്ങളുടെയും സഞ്ചാരസ്വാതന്ത്ര്യത്തിന് തടസ്സമാവുകയാണെങ്കിൽ മുനിസിപ്പാലിറ്റിയിലോ പഞ്ചായത്തിലോ പരാതി കൊടുക്കാവുന്നതാണ്. പരാതിയിൽ പരിഹാരമായില്ലെങ്കിൽ കോടതിയെ സമീപിക്കാവുന്നതുമാണ്.
ഈ വിഷയവുമായി ബന്ധപ്പെട്ട സമാനമായ കോടതിവിധികളുണ്ട്.