പഞ്ചാബ് | പഞ്ചാബ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വഴി തടഞ്ഞ് പ്രതിഷേധക്കാർ. പ്രതിഷേധത്തെത്തുടർന്ന് നരേന്ദ്ര മോദിയുടെ വാഹനം ഇരുപത് മിനിറ്റ് മേൽപ്പാലത്തിൽ കുടുങ്ങി. ഇതേത്തുടർന്ന് ഫിറോസ്പുരിലെ റാലി റദ്ദാക്കി. പഞ്ചാബ് സർക്കാരിന്റെ ഭാഗത്തു നിന്നും വൻ സുരക്ഷാ വീഴ്ച ഉണ്ടായതായി കേന്ദ്രം വ്യക്തമാക്കി.
ഹുസൈനിവാലയിലെ ദേശീയ സ്മാരകം സന്ദർശിക്കുന്നതിനാണ് പ്രധാനമന്ത്രി പഞ്ചാബിലെത്തിയത്. ദേശീയ സ്മാരകത്തിന് മുപ്പത് കിലോമീറ്റർ അകലെ വെച്ചാണ് വാഹനം തടഞ്ഞത്.
ഹെലികോപ്റ്ററിൽ ദേശീയ സ്മാരകത്തിലേക്ക് പോകാനായിരുന്നു പരിപാടി. എന്നാൽ മഴയെത്തുടർന്ന് റോഡ് മാർഗം പോകാൻ തീരുമാനിക്കുകയായിരുന്നു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയെന്ന് പഞ്ചാബ് ഡിജിപി അറിയിച്ചതിനെത്തുടർന്നാണ് റോഡ് മാർഗം പോകാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.
പ്രതിഷേധത്തെത്തുടർന്ന് 20 മിറ്റോളം പ്രധാനമന്ത്രി മേൽപാലത്തിൽ കുടുങ്ങി. പ്രധാനമന്ത്രിയുടെ യാത്രാപരിപാടികൾ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. പഞ്ചാബ് സർക്കാരിൽ നിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്.