ദോഹ | ഖത്തറിലെ എന്‍ട്രി, എക്‌സിറ്റ്, റസിഡന്‍സിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ച പ്രവാസികള്‍ക്ക് നിയമപരമായി രാജ്യത്ത് തുടരുന്നതിനോ രാജ്യം വിടുന്നതിനോ ഉള്ള പൊതുമാപ്പ് കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും. ഒക്ടോബര്‍ 10 മുതല്‍ ആണ് പൊതുമാപ്പ് ആരംഭിച്ചത്.
താഴെ പറയുന്ന വിഭാഗങ്ങള്‍ക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താമെന്ന് സെര്‍ച്ച് ആന്റ് ഫോളോ അപ്പ് ഡിപാര്‍ട്ട്‌മെന്റ്(എസ്എഫ്ഡി) ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ കമാല്‍ താഹിര്‍ അല്‍ തായിരി പറഞ്ഞു.
നിയമ തടസ്സങ്ങള്‍ ഒഴിവാക്കി രാജ്യം വിടാവുന്നവര്‍
1. റെസിഡന്‍സി പെര്‍മിറ്റ് ലഭിക്കാതെയോ പുതുക്കാതെയോ രാജ്യത്ത് 90 ദിവസത്തില്‍ അധികമായി തങ്ങുന്നവരും തൊഴിലുടമ അബ്‌സ്‌കോണ്ടിങ്(അനുമതിയില്ലാതെ തൊഴില്‍ ഉപേക്ഷിച്ച് പോവുക) പരാതി നല്‍കിയിട്ടില്ലാത്തതുമായ ആളുകള്‍
2. നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്നവരും തൊഴിലുമട അബ്‌സ്‌കോണ്ടിങ് പരാതി നല്‍കി 30 ദിവസം കഴിഞ്ഞിട്ടില്ലാതവരുമായവര്‍. നിയമ തടസ്സങ്ങളില്ലാതെ രാജ്യം വിടാന്‍ ആവശ്യമായ സംവിധാനം ഇവര്‍ക്ക് എസ്എഫ്ഡി ചെയ്തു നല്‍കും. മറ്റൊരു വിസയില്‍ ഇവര്‍ക്ക് രാജ്യത്തേക്ക് മടങ്ങുന്നതിനും തടസ്സമില്ല.
3. കാലാവധിക്ക് ശേഷവും രാജ്യത്ത് തങ്ങുന്ന ഫാമിലി റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവരും സന്ദര്‍ശകരും
4. നിയം ലംഘിച്ച് രാജ്യത്ത് തങ്ങുന്നവരും തൊഴിലുമട അബ്‌സ്‌കോണ്ടിങ് പരാതി നല്‍കി 30 ദിവസം കഴിഞ്ഞവരുമായ ആളുകള്‍. നിയമപരമായി അനുശാസിച്ചിട്ടുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സ്വീകരിച്ച് ഇവര്‍ക്ക് രാജ്യം വിടാവുന്നതും മറ്റു വിസയില്‍ ഖത്തറിലേക്ക് മടങ്ങി വരാവുന്നതുമാണ്.
5. റിസിഡന്‍സ് പെര്‍മിറ്റ് കാന്‍സല്‍ ചെയ്ത് 90 ദിവസത്തിലധികമായി ഖത്തറില്‍ തങ്ങുന്നവര്‍ക്ക് നിയമപരമായി അനുശാസിച്ചിട്ടുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സ്വീകരിച്ച് രാജ്യം വിടാവുന്നതും മറ്റു വിസയില്‍ ഖത്തറിലേക്ക് മടങ്ങി വരാവുന്നതുമാണ്.
മുകളില്‍ പറഞ്ഞ എല്ലാ കേസുകളിലും 18 വയസ്സ് പൂര്‍ത്തിയാക്കിയിട്ടില്ലാത്തവര്‍ക്ക് യാതൊരു തടസ്സവുമില്ലാതെ രാജ്യം വിടാവുന്നതും നിരോധനമില്ലാതെ തിരിച്ചു വരാവുന്നതുമാണെന്ന് ക്യാപ്റ്റന്‍ അല്‍ തായിരി പറഞ്ഞു.
സ്റ്റാറ്റസ് ക്രമപ്പെടുത്തി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും എസ്എഫ്ഡി നല്‍കുമെന്ന് യൂനിഫൈഡ് സര്‍വീസസ് ഡിപാര്‍ട്ട്‌മെന്റ് ഓഫിസര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അല്‍ റാഷിദ് പറഞ്ഞു. ഉം സലാല്‍, ഉം സുനൈം, മിസൈമീര്‍, അല്‍ വക്‌റ, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ സര്‍വീസ് സെന്ററുകള്‍ വഴി സേവനം ലഭിക്കും.
വിസാ സ്റ്റാറ്റസ് ക്രമപ്പെടുത്തി രാജ്യത്ത് തങ്ങാവുന്നവര്‍ താഴെ പറയുന്നവരാണ്
റസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍
1. റെസിഡസന്‍സ് പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞ 90 ദിവസം പൂര്‍ത്തിയാക്കിയ മറ്റൊരു തൊഴിലുടമയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍.
2. ജോലി വിട്ടു പോയതായി തൊഴിലുടമ പരാതി നല്‍കിയ, റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവരും മറ്റൊരു തൊഴിലുടമയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവരുമായ ആളുകള്‍
വര്‍ക്ക് വിസയുള്ളവര്‍
1. വര്‍ക്ക് വിസയില്‍ രാജ്യത്തെത്തി 90 ദിവസമായിട്ടും റെസിഡന്‍സ് പെര്‍മിറ്റ് ഇഷ്യു ചെയ്യാത്തവര്‍ക്ക് അവരുടെ സ്റ്റാറ്റസ് ക്രമപ്പെടുത്തി രാജ്യത്ത് തുടരാം. ഇവര്‍ ലേബര്‍ ഡിപാര്‍ട്ട്‌മെന്റില്‍ നിന്നുള്ള പ്രത്യേക അനുമതി തേടണം.
2. വര്‍ക്ക് വിസയില്‍ രാജ്യത്തെത്തിയവരും ജോലി വിട്ടു പോയതായി തൊഴിലുടമ പരാതി നല്‍കിയവരുമായ ആളുകള്‍ക്ക് സ്റ്റാറ്റസ് ക്രമപ്പെടുത്തി രാജ്യത്ത് തുടരാം. ഇവരും ലേബര്‍ ഡിപാര്‍ട്ട്‌മെന്റിന്റെ അംഗീകാരം നേടണം.
പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ച 10-10-2021ന് ശേഷം ജോലി വിട്ടു പോയതായി പരാതി ലഭിച്ചവരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
ആഭ്യന്തര മന്ത്രാലയത്തിന്റെ അഞ്ച് സര്‍വീസ് സെന്ററുകളില്‍ ഏതെങ്കിലും ഒന്നില്‍ സ്റ്റാറ്റസ് ക്രമപ്പെടുത്തി രാജ്യത്ത് തങ്ങുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ വെരിഫൈ ചെയ്ത ശേഷം അന്തിമ തീരുമാനത്തിനായി ലേബര്‍ ഡിപാര്‍ട്ട്‌മെന്റിലേക്ക് കൈമാറും. സര്‍വീസ് സെന്ററിലെ നടപടിക്രമങ്ങള്‍ 2 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാവും. അപേക്ഷകന്‍ നിശ്ചിത ഉപാധികള്‍ പൂര്‍ത്തികരിച്ചിട്ടുണ്ടെങ്കില്‍ ലേബര്‍ ഡിപാര്‍ട്ട്‌മെന്റ് അഞ്ച് പ്രവര്‍ത്തി ദിവസത്തിനകം തീരുമാനം പ്രഖ്യാപിക്കും.
അപേക്ഷാ ഫോം ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റില്‍ ലഭ്യമാണ്. സ്റ്റാറ്റസ് ക്രമപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ പുതിയ തൊഴിലുടമയുടെ എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ കോപ്പി ഹാജരാക്കണമെന്ന് ക്യാപ്റ്റന്‍ മുഹമ്മദ് അലി അല്‍ റാഷിദ് പറഞ്ഞു.
രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന നിയമലംഘകര്‍ പാസ്‌പോര്‍ട്ടും ഓപ്പണ്‍ ട്രാവല്‍ ടിക്കറ്റുമായി സെര്‍ച്ച് ആന്റ് ഫോളോ അപ് ഡിപാര്‍ട്ടമെന്റിന്റെ മെയിന്‍ റിസപ്ഷന്‍ ഹാളിലാണ് എത്തേണ്ടത്. വിവരങ്ങള്‍ പരിശോധിച്ച് മൂന്ന് മിനിറ്റ് കൊണ്ട് യാത്രാ അനുമതി നല്‍കും. ഇതുമായി ടിക്കറ്റില്‍ പറഞ്ഞിട്ടുള്ള ഷെഡ്യൂള്‍ പ്രകാരം എയര്‍പോര്‍ട്ടിലേക്ക് പോവുകയും ഒരു സാധാരണ യാത്രക്കാരനെ പോലെ നാട്ടിലേക്ക് മടങ്ങുകയും ചെയ്യാവുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട സെര്‍ച്ച് ആന്റ് ഫോളോ അപ് ഡിപാര്‍ട്ട്‌മെന്റിലെയും അഞ്ച് സര്‍വീസ് സെന്ററുകളിലെയും ഓഫിസുകള്‍ വെള്ളിയാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1 മുതല്‍ വൈകീട്ട് 6 വരെയാണ് പ്രവര്‍ത്തിക്കുക.