അമീബിക് മസ്തിഷ്കജ്വരം; കഴിഞ്ഞ ദിവസം മരിച്ച 9കാരിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസ്സുകാരി അനയയുടെ ഏഴ് വയസ്സുള്ള സഹോദരനും രോഗം സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം കണ്ടെത്തിയത്. കുട്ടിക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ടെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വീടിനോട് ചേർന്നുള്ള കുളത്തിൽ ഈ കുട്ടിയും കുളിച്ചിരുന്നു.
ഈ കുട്ടി ഉൾപ്പെടെ നിലവിൽ നാല് പേരാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. ഇന്നലെ മലപ്പുറം ചെനക്കലങ്ങാടി സ്വദേശിനിയായ പതിനൊന്നുകാരിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ഈ കുട്ടിക്ക് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യ വകുപ്പ്, രോഗം പിടിപെടാൻ കാരണമായ ജലസ്രോതസ്സ് കണ്ടെത്താൻ പരിശോധന ആരംഭിച്ചു. കുട്ടി വീടിനടുത്തുള്ള തോട്ടിലും കോഴിക്കോട് കായണ്ണയിലെ ടർഫിനോട് ചേർന്നുള്ള പൂളിലും കുളിച്ചിരുന്നതായി അറിയുന്നു. ഈ ജലസ്രോതസ്സുകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. അനയയുടെ വീട്ടിലും സമീപ പ്രദേശങ്ങളിലും കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം വിശദമായ പരിശോധന നടത്തി. ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്ത മറ്റ് പ്രദേശങ്ങളിലും സംഘം പരിശോധന തുടരും.
ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, അന്നശ്ശേരി സ്വദേശിയായ 49 വയസ്സുകാരൻ എന്നിവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള മറ്റുള്ളവർ. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. അന്നശ്ശേരി സ്വദേശിയായ 49 വയസ്സുകാരന്റെ ആരോഗ്യനിലയിലും മാറ്റമില്ല.