ഷഹബാസിന്റെ കൊല, മുഖ്യപ്രതിയുടെ പിതാവിന് ടി.പി വധക്കേസ് പ്രതിയുമായി ബന്ധം, വീട്ടിൽനിന്ന് നെഞ്ചക്ക് കണ്ടെടുത്തു

ഷഹബാസിന്റെ കൊല, മുഖ്യപ്രതിയുടെ പിതാവിന് ടി.പി വധക്കേസ് പ്രതിയുമായി ബന്ധം, വീട്ടിൽനിന്ന് നെഞ്ചക്ക് കണ്ടെടുത്തു



ടി.പി വധക്കേസ് പ്രതി ടി.കെ രജീഷിനെയാണ് ചിത്രത്തിൽ വ്യക്തമായി കാണുന്നത്. കുട്ടിക്കുറ്റവാളികളെ തിരിച്ചറിയുന്ന തരത്തിൽ ചിത്രങ്ങളോ വാർത്തകളോ പ്രസിദ്ധീകരിക്കരുത് എന്നത് കൊണ്ടാണ് വാർത്തയിൽ പരാമർശിച്ചയാളുടെ ചിത്രം പ്രസിദ്ധീകരിക്കാത്തത്

കോഴിക്കോട്- താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ പത്താം ക്ലാസുകാരന്റെ പിതാവിന് ക്വട്ടേഷൻ സംഘവുമായി ബന്ധം. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ടി.കെ രജീഷിനൊപ്പം ഇയാൾ നിൽക്കുന്ന ചിത്രം പുറത്തുവന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഷഹബാസിനെ കൊല്ലാൻ ഉപയോഗിച്ച നഞ്ചക്കും കണ്ടെടുത്തു. ഷഹബാസിനെ കൊലപ്പെടുത്താൻ കുട്ടികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചതായി നേരത്തെ കുടുംബം ആരോപിച്ചിരുന്നു. കുട്ടിയുടെ കൈവശം നഞ്ചക്ക് കൊടുത്തയച്ചത് ഇയാൾ തന്നെയാകും എന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ ഇതേവരെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഇന്ന് നടത്തിയ റെയ്ഡിലാണ് ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്തിയത്. ആക്രമണം നടക്കുന്ന സമയത്ത് ഇയാൾ പരിസരത്ത് ഉണ്ടായിരുന്നതായും വിവരമുണ്ട്.

പ്രധാന പ്രതിയുടെ വീട്ടിൽ ആളില്ലാഞ്ഞതിനെത്തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തിയാണ് വീട്ടിൽ റെയ്ഡ് നടത്തിയത്. മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയും പിടിച്ചെടുത്തു. പ്രതികളായ 5 വിദ്യാർത്ഥികളുടെയും വീട്ടിൽ ഒരേ സമയമായിരുന്നു പൊലീസ് റെയ്ഡ്.


നിലവിൽ ഒബ്സർവേഷൻ ഹോമിൽ റിമാൻഡിൽ കഴിയുകയാണ് 5 പ്രതികളും. രക്ഷിതാക്കളുടെ അഭ്യർത്ഥന പ്രകാരം നാളെ തുടങ്ങുന്ന എസ്എസ്എൽസി പരീക്ഷ എഴുതാൻ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇവർക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ സ്കൂളിൽ വച്ചാണോ പരീക്ഷ എഴുതിക്കുന്നതിൽ എന്നതിൽ തീരുമാനമായിട്ടില്ല. പ്രതികളെ സ്കൂളിൽ എത്തിച്ച് പരീക്ഷ എഴുതിച്ചാൽ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്ന കാര്യം പൊലീസ് വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു.


അതിനിടെ, താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചാല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ്. വിദ്യാഭ്യാസ വകുപ്പ് പൊതുവികാരം മാനിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.


കേസിലെ പ്രതികളെ പരീക്ഷയ്ക്ക് ഇരുത്തുന്നത് മറ്റ് കുട്ടികളെ ബാധിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. ജീവിക്കാനുള്ള അവകാശം കവര്‍ന്നവര്‍ക്ക് വിദ്യാഭ്യാസ അവകാശ സംരക്ഷണം നല്‍കരുത്. താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. നാളെയാണ് കേരളത്തിൽ പത്താം ക്ലാസ് പരീക്ഷ ആരംഭിക്കുന്നത്. കേസിലെ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പോലീസ് സംരക്ഷണത്തില്‍ പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

Previous Post Next Post