കോഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു.

കോഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു


Share:

മലപ്പുറം- മലപ്പുറം ജില്ലയിലെ കോഡൂരിൽ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി തയ്യില്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്. ഇന്നലെ നടന്ന ആക്രമണത്തിൽ പരാതി നൽകാനായി മലപ്പുറത്ത് എത്തിയ അബ്ദുൽ ലത്തീഫ് താലൂക്ക് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു കുഴഞ്ഞുവീണ് മരിച്ചത്. മരണകാരണം മർദ്ദനം തന്നെയാണോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് രണ്ടു സ്ത്രീകളെ ബസിന് മുന്നിൽ വെച്ച് ഓട്ടോയിൽ കയറ്റി എന്ന് ആരോപിച്ചാണ് ജീവനക്കാർ ഓട്ടോ ഡ്രൈവറെ മർദ്ദിച്ചത്. ബസ് കാത്തുനിൽക്കുന്ന യാത്രക്കാരെ കൊണ്ടു പോകുകയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ബസ് ജീവനക്കാരുടെ മർദ്ദനം. ലത്തീഫിന്റെ നെഞ്ചിൽ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. മഞ്ചേരി തിരൂർ റൂട്ടിൽ ഓടുന്ന പി.ടി.ബി ബസിലെ ജീവനക്കാരാണ് ലത്തീഫിനെ മർദ്ദിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ
Previous Post Next Post