സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്നു: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്നു: ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി


Share:
chief minister pinarayi vijayan kaizzen PR agency Malappuram RSS CPM

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്ത് ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 24നാണ് യോഗം ചേരുന്നത്. മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

ലഹരിക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടികളും ഇനി തുടങ്ങുന്ന പദ്ധതികളും യോഗത്തിൽ വിലയിരുത്തും. കോളേജ് ഹോസ്റ്റലിലടക്കം കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ സംയുക്ത ഓപ്പറേഷന് പൊലീസും എക്സൈസും തീരുമാനമെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ലഹരി വ്യാപനത്തിൽ ഗവർണറും ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

കളമശേരി ഗവൺമെന്റ് പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചതടക്കമുള്ള സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിലായിരിക്കുകയാണ്. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച മൂന്നാം വർഷ വിദ്യാർത്ഥി അനുരാജാണ് പിടിയിലായത്. കൊല്ലം സ്വദേശിയാണ് അനുരാജ്. ഇന്നലെ രാത്രിയാണ് അനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ അടക്കം പൊലീസ് പരിശോധിക്കും. അനുരാജാണ് കഞ്ചാവ് എത്തിച്ചതെന്ന് മറ്റ് പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതോടെ ആറുപേരാണ് കേസിൽ പിടിയിലായത്.

അതിനിടെ, കോട്ടയം പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിലായി. ആറ് ഗ്രാം കഞ്ചാവാണ് വിദ്യാർത്ഥിയിൽ നിന്ന് പിടികൂടിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വിദ്യാർത്ഥിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ എക്‌സൈസ് സംഘം പരിശോധന നടത്തുകയായിരുന്നു. ചേർത്തലയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പള്ളിപ്പുറത്തെ ഷെഡിന് സമീപം രണ്ട് കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ എക്‌സൈസ് ചേർത്തല റേഞ്ച് അധികൃതർ പിടികൂടി. അസം മാരിഗോൺ ജില്ലയിൽ ബോറിഗോൺ താലൂക്കിലെ സഹിദ്ദുൾ ഇസ്ലാം (26)ആണ് പിടിയിലായത്. ഇയാൾ താമസിക്കുന്ന ഷെഡിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ 260 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പള്ളിപ്പുറം വ്യവസായ പാർക്കിലെ ഒരു സ്ഥാപനത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത്.

Previous Post Next Post