ചരിത്രത്തിലാദ്യം! 74 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് കേരളം രഞ്ജി ട്രോഫി ഫൈനലിൽ

അഹമ്മാദാബാദ്: രഞ്ജി ട്രോഫിയിൽ കേരളം ഫൈനലിൽ. സെമി ഫൈനലിൽ ഗുജറാത്തിനെതിരെ സമനില പിടിച്ചാണ് കേരളം കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ഒന്നാം ഇന്നിങ്സിൽ നേടിയ രണ്ട് റൺസ് ലീഡിന്റെ പിൻബലത്തിലാണ് സച്ചിൻ ബേബിയും സംഘവും ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്.
ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫിയുടെ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. നീണ്ട 74 വർഷത്തെ കാത്തിരിപ്പിനു കൂടിയാണ് ഇന്ന് കേരളം അന്ത്യം കുറിച്ചിരിക്കുന്നത്. ഒന്നാം ഇന്നിങ്സിൽ കേരളത്തിന്റെ സ്‌കോറുമായി വെറും രണ്ടു റൺസ് മാത്രം അകലെ നിൽക്കെ ആദിത്യ സാർവതെ എറിഞ്ഞ പന്ത് സച്ചിൻ ബേബിയുടെ കൈകളിൽ എത്തിയതോടെയാണ് ഗുജറാത്തിന്റെ ഫൈനൽ മോഹം പൊലിഞ്ഞത്.
രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്ത കേരളം 144 റൺസിന് നാല് വിക്കറ്റുകൾ എന്ന നിലയിൽ നിൽക്കേ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ നേടിയ രണ്ട് റൺസിന്റെ ലീഡ് അടക്കം 116 റൺസായിരുന്നു കേരളത്തിന് ലീഡ് ഉണ്ടായിരുന്നത്. രണ്ടാം ഇന്നിങ്സിൽ കേരളത്തിനു വേണ്ടി ജലജ് സക്സേന 90 പന്തിൽ പുറത്താവാതെ 37 റൺസും രോഹൻ കുന്നുമ്മൽ 69 പന്തിൽ 32 റൺസും നേടി മികച്ച പ്രകടനമാണ് നടത്തിയത്.
കേരളത്തിന്റെ ബൗളിങ്ങിൽ ജലജ് സക്സേനയും ആദിത്യ സർവതേയും നാലു വിക്കറ്റുകൾ വീതം വീഴ്ത്തി തകർപ്പൻ പ്രകടനം നടത്തി. എംഡി നിതീഷ്, നെടുമൻകുഴി ബേസിൽ എന്നിവർ ഓരോ വിക്കറ്റുകളും നേടി നിർണായകമായി. ഗുജറാത്തിനായി ഒന്നാം ഇന്നിങ്സിൽ പ്രിയങ്ക് പഞ്ചൽ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 237 പന്തിൽ 18 ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 148 റൺസ് ആണ് പ്രിയങ്ക് നേടിയത്. ജയ്മീത് മനീഷ് ഭായ് പട്ടേൽ 79 റൺസും ആര്യ ദേശായ് 73 റൺസും നേടി മികച്ചു നിന്നു.
നേരത്തെ ആദ്യ ഇന്നിങ്സിൽ കേരളം 457 റൺസിനാണ് പുറത്തായത്. മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ച്വറി മികവിലാണ് കേരളം മികച്ച സ്കോർ നേടിയത്. 20 ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 177 റൺസാണ് അസ്ഹറുദ്ദീന്റെ ബാറ്റിൽ നിന്നും പിറന്നത്. സച്ചിൻ ബേബി അർദ്ധ സെഞ്ച്വറി നേടി. 195 പന്തിൽ 69 റൺസ് ആണ് സച്ചിൻ ബേബി നേടിയത്. എട്ട് ഫോറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. സൽമാൻ നിസാർ നാല് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 52 റൺസും നേടി.
അതേസമയം മറുഭാഗത്ത് മുംബൈയെ വീഴ്ത്തി വിദർഭയും രഞ്ജി ട്രോഫി ഫൈനലിലേക്ക് മുന്നേറി. മുംബൈയെ 80 റൺസിന് പരാജയപ്പെടുത്തിയാണ് വിദർഭ ഫൈനൽ ടിക്കറ്റ് നേടിയത്. ഫെബ്രുവരി 26നാണ് രഞ്ജി ട്രോഫിയുടെ കിരീട പോരാട്ടം നടക്കുന്നത്.