ഒരേ സ്‌കോറില്‍ ആറ് വിക്കറ്റ്, നാലിന് 153 ല്‍നിന്ന് ഇന്ത്യ 153 ഓളൗട്ട്
കേപ്ടൗണ്‍ - ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് നേടിയെങ്കിലും ഇന്ത്യ പൊടുന്നനെ തകര്‍ന്നു. ലുന്‍ഗി എന്‍ഗീഡി ഒരോവറില്‍ മൂന്ന് വിക്കറ്റെടുത്തതോടെയാണ് കളി തിരിഞ്ഞത്. നാലിന് 153 ല്‍ നിന്ന് ഒരു റണ്‍ പോലും ചേര്‍ക്കും അവസാന ആറ് വിക്കറ്റ് നിലംപതിച്ചു. കെ.എല്‍ രാഹുല്‍ (8), രവീന്ദ്ര ജദേജ (0) ജസ്പ്രീത് ബുംറ (0) എന്നിവരെ എന്‍ഗീഡി പുറത്താക്കി. അടുത്ത ഓവറില്‍ വിരാട് കോലിയെ (46) കഗീസൊ റബാദയും മടക്കി. തുടര്‍ച്ചയായ പന്തുകളില്‍ മുഹമ്മദ് സിറാജ് (0) പ്രസിദ്ധ് കൃഷ്ണ (0) എന്നിവരും വീണു. സിറാജ് റണ്ണൗട്ടായപ്പോള്‍ പ്രസിദ്ധിനെ സ്ലിപ്പില്‍ ഡൈവിംഗ് ക്യാച്ചിലൂടെ അയ്ദന്‍ മാര്‍ക്‌റം പിടിച്ചു. 98 റണ്‍സ് ലീഡാണ് ഇന്ത്യക്ക് ലഭിച്ചത്.
ആദ്യ ദിനം ആദ്യ സെഷനില്‍ ഇന്ത്യന്‍ പെയ്‌സര്‍മാരുടെയും ക്ലോസ് ഫീല്‍ഡര്‍മാരുടെയും തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു. 23.2 ഓവറില്‍ 55 റണ്‍സിന് അവര്‍ ഓളൗട്ടായി. മുഹമ്മദ് സിറാജ് ഒമ്പതോവറില്‍ 15 റണ്‍സിന് ആറ് വിക്കറ്റ് സ്വന്തമാക്കി (9-3-15-6). ജസ്പീത് ബുംറയും (8-1-25-2) മുകേഷ് കുമാറും (4-1-10-2) രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കയ്ല്‍ വരെയ്‌നെയാണ് (15) ടോപ്‌സ്‌കോറര്‍. വരയ്‌നെയും ഡേവിഡ് ബെഡിംഗാമും (12) തമ്മിലുള്ള 19 റണ്‍സാണ് ഉയര്‍ന്ന കൂട്ടുകെട്ട്. മറ്റാരും അഞ്ചിലേറെ സ്‌കോര്‍ ചെയ്തില്ല. .യശസ്വി ജയ്‌സ്വാള്‍ സ്ലിപ്പില്‍ മൂന്ന് ക്യാച്ചെടുത്തു. ലഞ്ചിന് ഏറെ മുമ്പെ ദക്ഷിണാഫ്രിക്ക പവിലിയനിലേക്ക് മടങ്ങി. 1932 ല്‍ ഓസ്‌ട്രേലിയക്കെതിരെ 45 ന് പുറത്തായതാണ് ഇതിന് മുമ്പ് ദക്ഷിണാഫ്രിക്കയുടെ ചെറിയ സ്‌കോര്‍.
പത്തോവര്‍ പിന്നിടും മുമ്പെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലീഡ് നേടി. യശസ്വി ജയ്‌സ്വാളിനെ റണ്ണെടുക്കും മുമ്പെ കഗീസൊ റബാദ പുറത്താക്കിയെങ്കിലും ഏഴ് തവണ പന്ത് അതിര്‍ത്തി കടത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (39) ശുഭ്മന്‍ ഗില്ലും (36) പ്രത്യാക്രമണം നടത്തി. ഇരുവരെയും നാന്ദ്രെ ബര്‍ഗറാണ് പുറത്താക്കിയത്. ശ്രേയസ് അയ്യരെയും (0) അക്കൗണ്ട് തുറക്കാന്‍ ബര്‍ഗര്‍ അനുവദിച്ചില്ല.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയരുടെ ഓപണര്‍മാര്‍ എട്ട് റണ്‍സെടുക്കുമ്പോഴേക്കും തിരിച്ചുകയറി. 15 റണ്‍സാവുമ്പോഴേക്കും നാലു വിക്കറ്റും 34 റണ്‍സാവുമ്പോഴേക്കും അഞ്ചാമത്തെ വിക്കറ്റും ഷ്ടപ്പെട്ടു.
അയ്ദന്‍ മാര്‍ക്‌റമാണ് (2) ആദ്യം മടങ്ങിയത്. സ്ലിപ്പില്‍ യശസ്വി ജയ്‌സ്വാള്‍ പിടിച്ചു. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ മാംസത്തിലെ മുള്ളായി നിന്ന ഡീന്‍ എല്‍ഗറെ (4) സിറാജ് ബൗള്‍ഡാക്കി. ടോണി ഡിസോര്‍സിയെ (2) വിക്കറ്റ്കീപ്പര്‍ കെ.എല്‍ രാഹുല്‍ പിടിച്ചു. എട്ടാം ഓവറില്‍ ഡേവിഡ് ബെഡിംഗാമിനെയും (12) മാര്‍ക്കൊ യാന്‍സനെയും (0) സിറാജ് പുറത്താക്കി. ബെഡിംഗാം സ്ലിപ് ക്യാച്ചില്‍ പുറത്തായപ്പോള്‍ യാന്‍സന്‍് കീപ്പര്‍ക്ക് പിടികൊടുത്തു. ബുംറയുടെ പന്ത് ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ (3) ബാറ്റിലും പാഡിലും തട്ടിയുയര്‍ന്ന് ഫോര്‍വേഡ് ഷോര്‍ട്‌ലെഗില്‍ രോഹിത് ശര്‍മയുടെ കൈയില്‍ വിശ്രമിച്ചു.
ശാര്‍ദുല്‍ താക്കൂറിനെ ഒഴിവാക്കി മുകേഷ്‌കുമാറിനെ കൊണ്ടുവന്ന ഇന്ത്യ പ്രസിദ്ധ് കൃഷ്ണയെ നിലനിര്‍ത്തി. സുഖം പ്രാപിച്ച രവീന്ദ്ര ജദേജക്കു വേണ്ടി ആര്‍. അശ്വിന്‍ ഒഴിഞ്ഞു കൊടുത്തു.