നൈസാംസിനെയും നൈസായി വീഴ്ത്തി, ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമത്



നൈസാംസിനെയും നൈസായി വീഴ്ത്തി, ബ്ലാസ്‌റ്റേഴ്‌സ് ഒന്നാമത്

കൊച്ചി - സ്വന്തം തട്ടകത്തിന്റെ ആവേശക്കളരിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് വിജയാഹ്ലാദം. 2022 ലെ ഫൈനലിസ്റ്റുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് 1-0 ന് ഹൈദരാബാദ് എഫ്.സിയെ തോല്‍പിച്ചു. നാല്‍പത്തൊന്നാം മിനിറ്റില്‍ മിലോസ് ദിന്‍ദ്രിച്ചാണ് ഗോളടിച്ചത്. ഏഴു കളിയില്‍ മഞ്ഞപ്പടയുടെ അഞ്ചാം ജയമാണ് ഇത്. 16 പോയന്റുമായി ടീം ഒന്നാം സ്ഥാനത്തെത്തി. അഞ്ച് കളിയില്‍ 13 പോയന്റുള്ള ഗോവക്കും നാല് കളിയില്‍ 12 പോയന്റുള്ള മോഹന്‍ബഗാനും അഞ്ച് കളിയില്‍ 11 പോയന്റുള്ള മുംബൈ സിറ്റിക്കും ബ്ലാസ്‌റ്റേഴ്‌സിനെ മറികടക്കാന്‍ അവസരമുണ്ട്. ഏഴ് കളിക്കു ശേഷം ഹൈദരാബാദ് ആദ്യ വിജയത്തിനായി കാത്തിരിക്കുകയാണ്. 

ആദ്യ പകുതിയില്‍ ഹൈദരാബാദ് നിരവധി അവസരങ്ങളൊരുക്കിയെങ്കിലും ഗോളടിച്ചത് ബ്ലാസ്‌റ്റേഴ്‌സാണ്. അഡ്രിയന്‍ ലൂണ വലതു വിംഗിലൂടെ അതിവേഗം വെട്ടിച്ചുകയറി നിലംപറ്റെ നല്‍കിയ ക്രോസ് സെന്റര്‍ബക്ക് മിലോസ് ദിന്‍ദ്രിച് വലയിലെത്തിക്കുകയായിരുന്നു. 
ഇടവേളക്കു ശേഷം കോര്‍ണര്‍ കിക്കില്‍ നിന്ന് ദിന്‍ദ്രിച് ലീഡുയര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ ഷോട്ട് പോസ്റ്റിന് തട്ടിത്തെറിച്ചു പിന്നീട് ഗോള്‍മുഖത്ത് തമ്പടിച്ചു നിന്ന ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് കളിക്കാരെ ബോക്‌സിലേക്ക് കടക്കാന്‍ അനുവദിച്ചില്ല. 
ചെന്നൈയില്‍ ഈസ്റ്റ്ബംഗാളിനെ അവസാന വേളയിലെ ഗോളില്‍ ചെന്നൈയന്‍ എഫ്.സി 1-1 ന് തളച്ചു. കളിയുടെ ഗതിക്കെതിരെ ആദ്യ പകുതിയില്‍ സെല്‍ഫ് ഗോളിലൂടെ ഈസ്റ്റ്ബംഗാള്‍ മുന്നിലെത്തിയതായിരുന്നു. ഇരുപത്തൊമ്പതാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ആയുഷ് അധികാരിയാണ് സെല്‍ഫ് ഗോളടിച്ചത്. എന്നാല്‍ ഇഞ്ചുറി ടൈം ആരംഭിക്കാന്‍ നാല് മിനിറ്റ് ശേഷിക്കെ നിന്‍തോയിഗാന്‍ബ മീഠെയ് ഗോള്‍ മടക്കി. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ചെന്നൈ സെല്‍ഫ് ഗോള്‍ വീണ ശേഷവും പ്രതിരോധത്തിലേക്ക് പോയില്ല. പഴുതടച്ച പ്രതിരോധമൊരുക്കി പിടിച്ചുനില്‍ക്കുകയായിരുന്നു ഈസ്റ്റ്ബംഗാള്‍. എഴുപത്തിരണ്ടാം മിനിറ്റില്‍ വീണ്ടും കളിയുടെ ഗതിക്കെതിരെ ഈസ്റ്റ്ബംഗാള്‍ ഗോളടിക്കേണ്ടതായിരുന്നു. ഇത്തവണ ഗോള്‍കീപ്പര്‍ ദേബ്ജിത് മജുംദാര്‍ രക്ഷകനായി. ചെന്നൈയന് ഏഴു കളിയില്‍ ഏഴു ഈസ്റ്റ്ബംഗാളിന് ആറു കളിയില്‍ അഞ്ചും പോയന്റാണ്.
Previous Post Next Post
WhatsApp