കാസർക്കോട് വീണ്ടും ഭക്ഷ്യവിഷബാധ; ഐസ്‌ക്രീം കഴിച്ച കുട്ടികൾ ആശുപത്രിയിൽ

കാസർക്കോട്- ചെറുവത്തൂരിന് സമീപം പടന്ന കടപ്പുറത്ത് ഐസ്‌ക്രീം കഴിച്ച രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവിലക്കടപ്പുറം സ്വദേശികളായ അനന്ദു, അനുരാഗ് എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷവർമ കഴിച്ച് ഒരു കുട്ടി മരിച്ചതിന്റെ ഞെട്ടൽ മാറുംമുമ്പാണ് പുതിയ സംഭവം. കൂൾബാറിൽ നിന്നും കഴിച്ച ഷവർമ്മയിൽ വിഷാംശം കലർന്നതിനെ തുടർന്നാണ് പെൺകുട്ടി മരിച്ചത്. അവശനിലയിലായ 28  കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛർദ്ദിയും പനിയും വയറിളക്കവും ബാധിച്ചതിൽ ഒരു വിദ്യാർത്ഥി ഒഴികെ മറ്റു കുട്ടികൾ ഗുരുതര നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 

ചെറുവത്തൂർ ബസ്സ്റ്റാൻഡിലെ ഐഡിയൽ കൂൾബാറിൽ നിന്നും കഴിഞ്ഞ രണ്ടു ദിവസങ്ങളിയായി ഷവർമ്മ കഴിച്ച കുട്ടികൾക്കാണ് ഗുരുതരമായ രോഗം ബാധിച്ചത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും കൂൾബാറിൽ എത്തി ഒരുമിച്ചിരുന്ന് കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കടുത്ത പനിയും വയറിളക്കവും ബാധിച്ച കുട്ടികൾ ഇന്ന് രാവിലെ മുതലാണ് ആശുപത്രിയിൽ ചികിത്സ തേടി എത്തിതുടങ്ങിയത്. കരിവെള്ളൂർ പെരളം പഞ്ചായത്തിലെ പെരളം മുണ്ട ചീറ്റയിലെ സ്വദേശി പരേതനായ നാരായണൻ-ഇ.വി പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ-16 ആണ് മരിച്ചത്. ചെറുവത്തൂർ വി വി സ്മാരക ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയെ നില ഗുരുതരമായതിനാൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിച്ചു. കരിവെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും എസ് എസ് എൽ സി പൂർത്തിയാക്കിയ ദേവനന്ദ പ്ലസ് വൺ ട്യൂഷൻ ക്ളാസിന് ചേരാൻ ചെറുവത്തൂരിലെ പാരലൽ കോളേജിൽ എത്തിയതായിരുന്നു. പ്ലസ് വണിന് ചേർന്ന ശേഷം സന്തോഷം പങ്കിടാൻ കൂട്ടുകാരുടെ ഒപ്പമെത്തി കൂൾ ബാറിൽ നിന്ന് ഷവർമ്മ കഴിക്കുകയായിരുന്നു. 

ഭക്ഷ്യവിഷബാധയേറ്റ് ഗുരുതര നിലയിലായ ചെറുവത്തൂർ രാമഞ്ചിറയിലെ ആദർശ് -16, അദ്വൈത്-16 പുത്തിലോട്ട് സ്വദേശികളായ അനുഗ്രഹ -15, സൂര്യ -15, അഭജിത്-18, അഭിനന്ദ് -16 , കുട്ടമത്തെ രഞ്ജിമ-17, കാർത്തിക്-12 , തിമിരിയിലെ ആകാശ് -21 , പിലിക്കോട് കണ്ണംകൈയിലെ രോഷ്ന-17, പിലാവളപ്പിലെ ഫിദ ഫാത്തിമ -12 , പിലിക്കോട് കോതോളിയിലെ അഭിന -16, ചെറുവത്തൂർ മുണ്ടക്കണ്ടത്തെ പൂജ-15 നാപ്പച്ചാലിലെ അഭിൻരാജ് -19, മയ്യിച്ചയിലെ അഞ്ജിമ-19 എന്നിവരെ ചെറുവത്തൂരിലെ സർക്കാർ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചെറുവത്തൂരിലെ കൂൾബാറിൽ നിന്നും ഷവർമ്മ കഴിച്ച നിരവധി കുട്ടികൾ സംഭവം അറിഞ്ഞതോടെ പരിഭ്രാന്തരായി ചെറുവത്തൂർ സർക്കാർ ആശുപത്രിയിലേക്ക് ഓടിയെത്തി. കുറെയേറെ കുട്ടികളെ പ്രഥമ ശുശ്രൂഷ നൽകി വീട്ടിലേക്ക് പറഞ്ഞയച്ചു. ചെറുവത്തൂർ, നീലേശ്വരം സർക്കാർ സ്വകാര്യ ആശുപത്രികളും കുട്ടികൾ ചികിത്സ തേടി എത്തിയിരുന്നു.
Previous Post Next Post
WhatsApp