മധുര ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്, ഇനി ഇത്തരം ഹര്‍ജിയുമായി വരരുത്
ന്യൂദല്‍ഹി - മധുര ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്തണമെന്നും പള്ളി പൊളിക്കണമെന്നും ആവശ്യപ്പെട്ടവര്‍ക്ക് കര്‍ശന താക്കീതുമായി സുപ്രീം കോടതി. ഹര്‍ജി തള്ളിയ കോടതി ഇത്തരം ആവശ്യങ്ങളില്‍ ഇടപെടാറില്ലെന്ന് പറഞ്ഞു. ഭാവിയില്‍ ഇത്തരം ഹര്‍ജിയുമായി വരരുതെന്നും സുപ്രീം കോടതി ഹര്‍ജിക്കാര്‍ക്ക് താക്കീത് നല്‍കി. ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ ഇല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പള്ളിയില്‍ സര്‍വ്വേ വേണമെന്നും പള്ളി പൊളിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. പൊതുതാല്‍പര്യ ഹര്‍ജിയായിട്ടാണ് ഇത് സുപ്രീം കോടതിയിലെത്തിയിരുന്നത്. . മധുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേര്‍ന്നുള്ളതാണ് ഷാഹി ഈദ്ഗാഹ് പള്ളി. അഡ്വ. മഹേക് മഹേശ്വരിയാണ് ഇത് സംബന്ധിച്ച് സുപ്രീം കോടതിയല്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയിരുന്നത്. നേരത്തെ അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയിലെത്തിയത്.