ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം മുന്‍ എം എല്‍ എ എം സി കമറുദ്ദീന്‍ അടക്കം 29 പേരെ പ്രതിചേര്‍ത്ത് കുറ്റപത്രം
കാസര്‍കോഡ് - ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം മുന്‍ എം എല്‍ എ എം സി കമറുദ്ദീന്‍ അടക്കം 29 പേരെ പ്രതികളാക്കി ക്രൈംബാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 168 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ അന്വേഷണം പൂര്‍ത്തിയായ 15 കേസുകളിലാണ് കാസര്‍കോട്, കണ്ണൂര്‍ അഡീഷണല്‍ ജില്ലാ കോടതികളില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. 17 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തില്‍ പറയുന്നത്. മഞ്ചേശ്വരം മുന്‍ എം എല്‍ എയും ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനുമായ എം സി കമറുദ്ദീനാണ് ഒന്നാം പ്രതി. മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍ രണ്ടാം പ്രതിയുമാണ്. വഞ്ചന, വിശ്വാസ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കേസില്‍ നേരത്തെ പ്രതികളുടെ സ്വത്തുക്കള്‍ അന്വേഷണ സംഘം കണ്ട് കെട്ടിയിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി 263 പേരുടെ പരാതികളാണ് ക്രൈംബ്രാഞ്ച് എസ്പി പിപി സദാനന്ദന്റെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്. 35 കേസുകളുടെ കുറ്റപത്രം കൂടി തയ്യാറായിട്ടുണ്ട്. ഇത് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.