പരപ്പനങ്ങാടി | മലപ്പുറം ജില്ലയിലെ പല സ്കൂളുകളിലും കുട്ടികൾ മോഡിഫൈ ചെയ്ത വാഹനങ്ങളിൽ ലൈസൻസില്ലാതെയും ട്രപ്പിൾ കയറിയും വരുന്നതായും പൂർവ്വ വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് എത്തി വഴക്കുകൾ ഉണ്ടാക്കുന്നതായും സ്കൂൾ പരിസരങ്ങളിൽ പൂവാല ശല്യം ഉള്ളതായും ബഹു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പരപ്പനങ്ങാടിയിൽ നടത്തിയ വാഹന പരിശോധനയിൽ 29 ബൈക്കുകളും 1 കാറും പോലീസ് പിടിച്ചെടുത്തു.
പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കോ-ഓപ്പറേറ്റീവ് കോളേജ്, സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ സ്കൂൾ, ചന്ദൻ ബ്രദേഴ്സ് സ്കൂൾ, മാധവവിലാസം സ്കൂൾ, LBS സെന്റർ, BEM സ്കൂൾ , കോവിലകം ഗവ: സ്കൂൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പോലീസ് പരിശോധന. പിടിച്ചെടുത്ത വാഹനങ്ങളിൽ 14 എണ്ണം ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനും 7 വാഹനങ്ങൾ മൂന്നുപേർ കയറിയതിനും ബാക്കിയുള്ളവ മറ്റ് ഒഫൻസുകൾക്കുമാണ് പിടിചെടുത്തത്.
നിലവിൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ ഓടിച്ചയാൾക്ക് 5000 രൂപയും RC ഓണർക്ക് 5000 രൂപയും മൂന്നുപേർ ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചാൽ 2500 രൂപയും ഫൈൻ ഉണ്ടാകും. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം മഫ്തിയിൽ ആയിരുന്നു പരിശോധന. പിടിച്ചെടുത്ത വാഹനങ്ങൾ ഓടിച്ചിരുന്ന കുട്ടികളുടെ രക്ഷകർത്താക്കളെ വിളിച്ചു വരുത്തി ഫൈൻ അടപ്പിച്ച ശേഷം വിട്ടു കൊടുത്തു.മൂന്നുപേർ കയറി ഓടിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങളുടെ ഡ്രൈവർമാർക്കെതിരെയും ലൈസൻസില്ലാതെ പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമസ്ഥർക്കെതിരെയും മോട്ടോർ വാഹന വകുപ്പിന് ലൈസൻസ് ക്യാൻസൽ ചെയ്യാനുള്ള റിപ്പോർട്ട് കൊടുക്കുമെന്നും സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും മഫ്തിയിലുള്ള പരിശോധന തുടരുമെന്നും പരപ്പനങ്ങാടി CI ഹണി കെ.ദാസ് അറിയിച്ചു.